
അങ്കമാലി കറുകുറ്റി ഭാഗത്തുകൂടി സഞ്ചരിച്ചപ്പോള്‍ വഴിയരികില്‍ മെയിൻ റോഡിന് അഭിമുഖമായി മദര്‍തെരേസയുടെ ഒരു ചിത്രം.
ലോകത്തിലെ മനുഷ്യത്വമുള്ള ഏതൊരു മനുഷ്യനും തിരിച്ചറിയുകയും ആദരിക്കുകയും ചെയ്യുന്ന ആ രൂപത്തിനരികില്‍ അച്ചടിച്ചിരിക്കുന്ന വരികള്‍ വായിച്ചപ്പോള്‍ ആദ്യം തമാശയും പിന്നെ സങ്കടവും തോന്നി. അതിങ്ങനെയായിരുന്നു
നിസ്വാര്‍ത്ഥ മാതൃത്വം; ഉദാത്ത സമ്മാനം
അനുഗ്രഹീത മദര്‍ തെരേസ ( ആ കുടുംബത്തിലെ അഞ്ചാമത്തെ കുഞ്ഞ്)
നാം രണ്ട് നമുക്കു രണ്ട് എന്ന് മദര്‍ തെരേസയുടെ മാതാപിതാക്കള്‍ തീരുമാനിച്ചിരുന്നെങ്കില്‍ ?!!
മാതൃത്വത്തെക്കുറിച്ചുള്ള ഒരു പരസ്യത്തില്‍ മദര്െതെരേസയുടെ മുഖം പ്രത്യക്ഷപ്പെടുന്നതു മനസ്സിലാക്കാം. എന്നാല്‍ ജനനനിയന്ത്രണത്തെക്കുറിച്ചുള്ള മുദ്രാവാക്യം കടന്നുവന്നതിന്റെയുക്തിയില് ഒളിഞ്ഞിരിക്കുന്ന ദുരുദ്ദേശം അപകടകരമാണ്.
ലോകജനസംഖ്യാ ദിനമായ ജൂലൈ പതിനൊന്നിന് കല്യാണനിശ്ചയം വയ്ക്കുകയും ഞങ്ങളെ നിര്‍ബന്ധപൂര്‍വം ക്ഷണിക്കുകയും ചെയ്ത ആഴകത്തെ ‘ആത്മ’സുഹൃത്തിന് നന്ദി. ഈ തമാശ നേരില്‍ കാണാന്‍ അവസരമുണ്ടാക്കിയതിന്. ആ ഫ്ലക്സ് കണ്ണില്‍പ്പെട്ടയുടന്‍ അതുകാണാന്‍ പ്രേരിപ്പിച്ച പ്രിയസുഹൃത്ത് മൈലാഞ്ചിക്കും നന്ദി.

ഇന്ന് ഈ ഭൂഗോളത്തിനുമുകളില്‍ അരിച്ചുനടക്കുന്ന ജനങ്ങളുടെ ഏകദേശം എണ്ണം 680 കോടിയാണ്. ഇന്ത്യയില്‍ മാത്രം 114 കോടിയോളം ജനങ്ങളുണ്ട്. വെറും 38,863 ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്തൃതിയുള്ള നമ്മുടെ കൊച്ചുകേരളത്തില്‍ 3 കോടി പതിനെട്ടുലക്ഷത്തിലധികം ജനങ്ങളുണ്ടെന്നു ഗവണ്മെന്റ് കണക്ക് പറയുന്നു. അതായത് ചതുരശ്ര കിലോമീറ്ററിന് 819 പേര് വീതം. തൊട്ടടുത്ത തമിഴ് നാട്ടില്‍ ഇത് 478 ഉം കര്‍ണാടകയിലും ആന്ധ്രയിലും 275ഉം വീതമാണ്. പറഞ്ഞുവന്നത് ജനപ്പെരുപ്പം കേരളത്തെ സംബന്ധിച്ച് അങ്ങേയറ്റം അപകടകരമായ അവസ്ഥയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നതെന്നാണ്.
ക്രിസ്ത്യന്‍ കുടുംബങ്ങളില്‍ ജനനനിയന്ത്രണത്തിനെതിരായുള്ള സഭയുടെ താല്പര്യങ്ങള് അടുത്തകാലത്ത് തുറന്ന പ്രഖ്യാപനങ്ങളിലൂടെ പുറത്തുവന്നിരുന്നു. അതിലെ സാമ്പത്തിക സാമുദായിക രാഷ്ട്രീയ സങ്കുചിത താല്പര്യങ്ങളെല്ലാം കേരളത്തിലെ ചിന്തിക്കുന്ന സമൂഹം തിരിച്ചറിയുകയും പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. വിലക്കയറ്റവും മലിനീകരണവും അടിസ്ഥാനവിഭവങ്ങളുടെ അപര്യാപ്തതയും കൊണ്ട് പൊറുതിമുട്ടുന്ന ഈനാട്ടില്‍ നാം രണ്ട് നമുക്കഞ്ച് എന്നു ധ്വനിപ്പിക്കുന്ന പരസ്യം നിശ്ചയമായും അക്രമം തന്നെയാണ്. ഇതു പറഞ്ഞപ്പോള്‍ സരസയായ ഒരു സുഹൃത്തു പറഞ്ഞത്
“അംബെദ്കര്‍ അദ്ദേഹത്തിന്റെ കുടുംബത്തിലെ പന്ത്രണ്ടാമത്തെ സന്തതിയായിരുന്നു.” എന്നാണ്.
ഇനിയൊരു അംബെദ്കറെ സൃഷ്ടിക്കുന്നതിന് ഒരു മദര്‍തെരേസയെ സൃഷ്ടിക്കുന്നതിന്റെ ഇരട്ടിയിലധികം കഷ്ടപ്പാട് നമ്മുടെ അമ്മമാര്‍ സഹിക്കേണ്ടിവരും! ഹോ ഭയങ്കരം!!!.
ഈ പോക്കുപോയാല്‍ വയാഗ്ര ഗുളികയുടെ പരസ്യത്തിലും മദര്‍തെരേസയെ കാണേണ്ടി വരുമോ? അതിലും ഭേദം ഇടയ്മാരും ഇടയത്തികളും കൂടി പരസ്യത്തില്‍ സൂചിപ്പിച്ചിരിക്കുന്ന ഈ ഉത്തരവാദിത്വവുംകൂടി അങ്ങ് ഏറ്റെടുക്കുന്നതായിരിക്കും.
ഒരു 'ക്രിസ്ത്യന്‍ പവര്‍ എക്സ്ട്രാ'യെക്കുറിച്ചുകൂടി ചിന്തിച്ചാലോ?