Monday, July 12, 2010

മദര്‍തെരേസയും ജനനനിയന്ത്രണവും തമ്മിലെന്ത്?
അങ്കമാലി കറുകുറ്റി ഭാഗത്തുകൂടി സഞ്ചരിച്ചപ്പോള്‍ വഴിയരികില്‍ മെയിന്‍റോഡിനഭിമുഖമായി മദര്‍തെരേസയുടെ ഒരു ചിത്രം.
ലോകത്തിലെ മനുഷ്യത്വമുള്ള ഏതൊരു മനുഷ്യനും തിരിച്ചറിയുകയും ആദരിക്കുകയും ചെയ്യുന്ന ആ രൂപത്തിനരികില്‍ അച്ചടിച്ചിരിക്കുന്ന വരികള്‍ വായിച്ചപ്പോള്‍ ആദ്യം തമാശയും പിന്നെ സങ്കടവും തോന്നി. അതിങ്ങനെയായിരുന്നു

നിസ്വാര്‍ത്ഥ മാതൃത്വം; ഉദാത്ത സമ്മാനം
അനുഗ്രഹീത മദര്‍ തെരേസ ( ആ കുടുംബത്തിലെ അഞ്ചാമത്തെ കുഞ്ഞ്)
നാം രണ്ട് നമുക്കു രണ്ട് എന്ന് മദര്‍ തെരേസയുടെ മാതാപിതാക്കള്‍ തീരുമാനിച്ചിരുന്നെങ്കില്‍ ?!!


മാതൃത്വത്തെക്കുറിച്ചുള്ള ഒരു പരസ്യത്തില്‍ മദര്‍െതെരേസയുടെ മുഖം പ്രത്യക്ഷപ്പെടുന്നതു മനസ്സിലാക്കാം. എന്നാല്‍ ജനനനിയന്ത്രണത്തെക്കുറിച്ചുള്ള മുദ്രാവാക്യം കടന്നുവന്നതിന്റെയുക്തിയില്‍ ഒളിഞ്ഞിരിക്കുന്ന ദുരുദ്ദേശം അപകടകരമാണ്.

ലോകജനസംഖ്യാ ദിനമായ ജൂലൈ പതിനൊന്നിന് കല്യാണനിശ്ചയം വയ്ക്കുകയും ഞങ്ങളെ നിര്‍ബന്ധപൂര്‍വം ക്ഷണിക്കുകയും ചെയ്ത ആഴകത്തെ ‘ആത്മ’സുഹൃത്തിന് നന്ദി. ഈ തമാശ നേരില്‍ കാണാന്‍ അവസരമുണ്ടാക്കിയതിന്. ആ ഫ്ലക്സ് കണ്ണില്‍പ്പെട്ടയുടന്‍ അതുകാണാന്‍ പ്രേരിപ്പിച്ച പ്രിയസുഹൃത്ത് മൈലാഞ്ചിക്കും നന്ദി.
ഇന്ന് ഈ ഭൂഗോളത്തിനുമുകളില്‍ അരിച്ചുനടക്കുന്ന ജനങ്ങളുടെ ഏകദേശം എണ്ണം 680 കോടിയാണ്. ഇന്ത്യയില്‍ മാത്രം 114 കോടിയോളം ജനങ്ങളുണ്ട്. വെറും 38,863 ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്തൃതിയുള്ള നമ്മുടെ കൊച്ചുകേരളത്തില്‍ 3 കോടി പതിനെട്ടുലക്ഷത്തിലധികം ജനങ്ങളുണ്ടെന്നു ഗവണ്‍മെന്റ് കണക്ക് പറയുന്നു. അതായത് ചതുരശ്ര കിലോമീറ്ററിന് 819 പേര്‍ വീതം. തൊട്ടടുത്ത തമിഴ് നാട്ടില്‍ ഇത് 478 ഉം കര്‍ണാടകയിലും ആന്ധ്രയിലും 275ഉം വീതമാണ്. പറഞ്ഞുവന്നത് ജനപ്പെരുപ്പം കേരളത്തെ സംബന്ധിച്ച് അങ്ങേയറ്റം അപകടകരമായ അവസ്ഥയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നതെന്നാണ്.

ക്രിസ്ത്യന്‍ കുടുംബങ്ങളില്‍ ജനനനിയന്ത്രണത്തിനെതിരായുള്ള സഭയുടെ താല്പര്യങ്ങള്‍ അടുത്തകാലത്ത് തുറന്ന പ്രഖ്യാപനങ്ങളിലൂടെ പുറത്തുവന്നിരുന്നു. അതിലെ സാമ്പത്തിക സാമുദായിക രാഷ്ട്രീയ സങ്കുചിത താല്പര്യങ്ങളെല്ലാം കേരളത്തിലെ ചിന്തിക്കുന്ന സമൂഹം തിരിച്ചറിയുകയും പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. വിലക്കയറ്റവും മലിനീകരണവും അടിസ്ഥാനവിഭവങ്ങളുടെ അപര്യാപ്തതയും കൊണ്ട് പൊറുതിമുട്ടുന്ന ഈനാട്ടില്‍ നാം രണ്ട് നമുക്കഞ്ച് എന്നു ധ്വനിപ്പിക്കുന്ന പരസ്യം നിശ്ചയമായും അക്രമം തന്നെയാണ്. ഇതു പറഞ്ഞപ്പോള്‍ സരസയായ ഒരു സുഹൃത്തു പറഞ്ഞത്
അംബെദ്കര്‍ അദ്ദേഹത്തിന്റെ കുടുംബത്തിലെ പന്ത്രണ്ടാമത്തെ സന്തതിയായിരുന്നു.” എന്നാണ്.

ഇനിയൊരു അംബെദ്കറെ സൃഷ്ടിക്കുന്നതിന് ഒരു മദര്‍തെരേസയെ സൃഷ്ടിക്കുന്നതിന്റെ‍ ഇരട്ടിയിലധികം കഷ്ടപ്പാട് നമ്മുടെ അമ്മമാര്‍ സഹിക്കേണ്ടിവരും! ഹോ ഭയങ്കരം!!!.

ഈ പോക്കുപോയാല്‍ വയാഗ്ര ഗുളികയുടെ പരസ്യത്തിലും മദര്‍തെരേസയെ കാണേണ്ടി വരുമോ? അതിലും ഭേദം ഇടയ്മാരും ഇടയത്തികളും കൂടി പരസ്യത്തില്‍ സൂചിപ്പിച്ചിരിക്കുന്ന ഈ ഉത്തരവാദിത്വവുംകൂടി അങ്ങ് ഏറ്റെടുക്കുന്നതായിരിക്കും.

ഒരു 'ക്രിസ്ത്യന്‍ പവര്‍ എക്സ്ട്രാ'യെക്കുറിച്ചുകൂടി ചിന്തിച്ചാലോ?

Monday, May 03, 2010

കുടജാദ്രിയാത്രകള്‍

'ഏറെപ്പഴഞ്ചനെന്നാലും പുതുതായ്ത്തീര്‍ന്നു പാരിടം'


ആത്മന്റെ പോസ്റ്റ് കണ്ടപ്പോഴുണ്ടായ പ്രേരണയിലാണ് ഇങ്ങനെയൊന്നുതയ്യാറാക്കുന്നത്. ഞങ്ങളുടെ കുടജാദ്രിയാത്രയ്ക്ക് കുറച്ചുകൂടി പഴയ ചരിത്രമുണ്ട്. വളരെ മുമ്പ് മാതൃഭൂമി വാരാന്തപ്പതിപ്പില്‍ വന്ന ഫോട്ടോഫീച്ചര്‍, കവിയും അധ്യാപകനുമായ ജോസ് വെമ്മേലിയുടെ സ്വാധീനം, കെ.പി നാരായണപ്പിഷാരടിയുടെ കുടജാദ്രിയിലേക്കു നടന്നുപോയതിനെക്കുറിച്ചുള്ള കുറിപ്പ് , കവി ഡി.വിനയചന്ദ്രന്റെയും നിരൂപകന്‍ ആഷാമേനോന്റെയും ഓരോ യാത്രക്കുറിപ്പുകള്‍‍, അതിലും പ്രധാനമായി പി. കുഞ്ഞിരാമന്‍നായരുടെ സൌന്ദര്യപൂജ എന്ന കവിത ഇവയെല്ലാം പലതരത്തില്‍ കുടജാദ്രിയെക്കുറിച്ചുള്ള ചിത്രങ്ങള്‍ മനസ്സില്‍ വരച്ചു. പിന്നെ ഭക്തിമാര്‍ഗ്ഗക്കാരായ ചില കൂട്ടുകാരുടെ കൊല്ലൂര്‍ മൂകാംബിക യാത്രയുടെ വിവരണങ്ങളും.
ആദ്യയാത്രയില്‍ ഞങ്ങള്‍ നാലുപേരുണ്ടായിരുന്നു. തൊടുപുഴയിലെ ജൂവലറി ജീവനക്കാരനായ മനോജ്, മനോജിന്റെ സഹോദരനും തൊടുപുഴയിലെതന്നെ ഒരു പാരലല്‍ കോളേജ് അധ്യാപകനും ആയ പ്രദീപ് പിന്നെ ഞങ്ങള്‍ ചേട്ടനും അനിയനും. മുന്നൊരുക്കങ്ങളില്ലാത്ത ആകസ്മികമായ യാത്രകള്‍ക്ക് അതിന്റേതായ ചിലഗുണങ്ങളുണ്ട്. ഈ യാത്ര അങ്ങനെയൊന്നായിരുന്നു.
മലബാര്‍ എക്സ്പ്രസ്സിലെ ഞെരുങ്ങുന്ന തിരക്കില്‍ എറണാകുളത്തുനിന്നും മംഗലാപുരം വരെ ഒരുദിവസത്തെ പെരുവിരലില്‍കുത്തിനിന്നുള്ളയാത്ര. മംഗലാപുരത്തുനിന്ന് ബസില്‍ കൊല്ലൂര്‍ . കൊല്ലൂര്‍ ബസ്സ്റ്റാന്റിലിറങ്ങി ക്ഷേത്രത്തിലേക്ക് നടന്നുപോകാനുള്ള ദൂരമേയുള്ളു. ഭക്തിയുടെ ഭാരങ്ങളേതുമില്ലാതെ ക്ഷേത്രത്തിന്റെ കൌതുകംമാത്രം.കൊല്ലൂരിന് പതിനഞ്ചുകിലോമീറ്റര്‍ അകലെ ജഡ്കല്‍ എന്ന സ്ഥലത്ത് സ്ഥിരതാമസക്കാരനായ ബന്ധു രാമകൃഷ്ണന്‍ ചേട്ടനെയും കൂട്ടിയായിരുന്നു കുടജാദ്രിയാത്ര. വെളുപ്പിന് കൊല്ലൂരുനിന്ന് ആറേകാല്‍മണിക്ക് ബസില്‍കയറി നാകോടി എന്ന സ്ഥലത്തിറങ്ങി. അവിടെനിന്ന് കാട്ടിലൂടെ ഏകാന്തമായ യാത്ര. 2002 ലെ ദുഖവെള്ളിയാഴ്ച. ഏപ്രില്‍ മെയ് മാസങ്ങളില്‍ അട്ടയുടെ ശല്യമുണ്ടാവില്ല. അതുകൊണ്ട് ഉപ്പുകിഴിയും പുല്‍ത്തൈലവും വേണ്ടിവന്നില്ല. കുടജാദ്രി കുന്നിന്റെ ചുവട്ടിലെത്താന്‍ നാകോടിയില്‍ നിന്നും ശേഷികൂടിയ പരുക്കന്‍ വാഹനങ്ങള്‍ മാത്രം കടന്നുപോകുന്ന നാലഞ്ചുകിലോമീറ്റര്‍ ദൂരമുള്ള ഒരു വനപാത മാത്രമാണുള്ളത്. അതും എല്ലായ്പോഴും വാഹനങ്ങള്‍ക്ക് സഞ്ചാരയോഗ്യമായിരിക്കുകയുമില്ല. ആത്മനും ഞങ്ങളും ഉള്‍പ്പെടുന്ന സംഘം നടന്നുപോയത് ഈ വഴിയിലൂടെയാണ്. പക്ഷേ ആദ്യയാത്രയില്‍ ഞങ്ങള്‍ ഇതിനിടയിലുള്ള പല കുറുക്കുവഴികളിലൂടെയും നടന്നുപോയിട്ടുണ്ട്. അത് നൂറുശതമാനവും കൊടും കാടിനുനടുവിലൂടെയാണ്. കൂടെയുണ്ടായിരുന്ന ബന്ധു രാമകൃഷ്ണന്‍ ചേട്ടന്‍ പറഞ്ഞു -

"ഇവിടെ ആന ഒഴികെയുള്ള എല്ലാ വന്യമൃഗങ്ങളുമുണ്ട്. മാത്രവുമല്ല തെക്കേ ഇന്ത്യയില്‍ ഏറ്റവുമധികം രാജവെമ്പാലകളുള്ള അതേ കാടിന്റെ ഒരു ഭാഗവുമാണിവിടം."

യഥാര്‍ത്ഥത്തില്‍ ഭയപ്പെടുത്തുന്ന വഴിതന്നെ. കാട്ടിലെവിടെയോ വെടിശബ്ദം കേട്ടു. അപ്പോഴാണ് മറ്റൊരുകാര്യം കൂടി രാമകൃഷ്ണന്‍ ചേട്ടന്‍ പറഞ്ഞത്. ഈ കാട് നക്സലൈറ്റുകള്‍ സജീവമായ സ്ഥലംകൂടിയാണ് . കുന്നിന്റെ ചുവട്ടിലെത്തിയപ്പോള്‍ പത്തുമണിയായി. ആത്മന്റെ പോസ്‌റ്റില്‍ സൂചിപ്പിച്ച കട അന്നും അങ്ങനെതന്നെയുണ്ട്. അതിനടുത്ത് ഹരേരാമ ഹരേകൃഷ്ണക്കാരുടെ ഒരു ആശ്രമവും എന്‍.ആര്‍ഐ. സ്കൂളും ഉണ്ടെന്നു കേട്ടു. കുറേ കന്നുകാലികള്‍ മേഞ്ഞുനടക്കുന്നുണ്ട്. പണ്ടെന്നോ വൈദ്യുതി എത്തിക്കാന്‍ ശ്രമിച്ചതിന്റെ അടയാളമായി ഒന്നുരണ്ട് വലിയ ഇലക്ട്രിക് പോസ്റ്റുകള്‍ അനാഥമായി നില്‍ക്കുന്നു. അതിനെക്കുറിച്ചും ഒരു കഥ കേട്ടു. മുമ്പ് ഇവിടെ വൈദ്യുതി എത്തിയിരുന്നു എന്നും ഒരിക്കല്‍ കാറ്റും മഴയും ഉണ്ടായപ്പോള്‍ മരം വീണ് വൈദ്യുതിബന്ധം അറ്റുപോയെന്നും പിറ്റേന്നു നേരം പുലര്‍ന്നപ്പോള്‍ അവിടം മുതല്‍ ഇങ്ങോട്ടുള്ള കമ്പികള്‍ മുഴുവന്‍ മോഷ്ടിക്കപ്പെട്ടിരുന്നു എന്നുമാണ് കേട്ടത്. അവിടെനിന്നും കുന്നിന്റെ നെറുകയിലേക്കു നോക്കിയപ്പോള്‍ വിസ്മയവും നേരിയ ഭയവും തോന്നി. ഏതാനും ഊന്നുവടികള്‍ കാട്ടില്‍നിന്നു സംഘടിപ്പിച്ച് മലകയറിത്തുടങ്ങി.അങ്ങേയറ്റം ദുര്‍ഘടമായ വഴി. ചിലയിടങ്ങളില്‍ വഴിയുണ്ടാക്കിത്തന്നെ പോകേണ്ടിവന്നു. ചിലയിടങ്ങളില്‍ വീണുകിടക്കുന്ന കൂറ്റന്‍ മരങ്ങള്‍ക്കു മുകളിലൂടെയും ചിലപ്പോള്‍ ചാഞ്ഞുവളരുന്ന മരങ്ങള്‍ക്കിടയിലൂടെ നുഴഞ്ഞുകയറിയും രസകരവും കൌതുകകരവുമായ യാത്രയുടെ ആദ്യഘട്ടം.

ഇടയില്‍ ഒരിടത്ത് ശിലകളുടെ സ്വഭാവം മാറുന്നതുകാണാം. അടുക്കുകളായി എളുപ്പത്തില്‍ പൊട്ടിയിളകുന്ന ചില പ്രത്യേകതരം ശിലകള്‍. സ്വയം പൊട്ടിയിളകി കൌതുകകരമായ രൂപത്തില്‍ ആയിത്തീര്‍ന്ന ചില കല്ലുകളും കാണാം. പൊടിഞ്ഞകഷണങ്ങള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. അവയിലൂടെ ചവിട്ടിക്കടന്നുപോകുമ്പോള്‍ നാണയത്തുട്ടുകള്‍ പോലെ അവ കിലുങ്ങിത്തെറിക്കുന്നു.

'കല്ലിലും മുള്ളിലും വീണാസപ്തസ്വരമുയര്‍ത്തിയും'

എന്ന കുഞ്ഞിരാമന്‍നായരുടെ വരികള്‍ ഓര്‍മ്മിച്ചു. പ്രകൃതിയുടെ അജ്ഞാതമായ ഏതോ ഒരു ലോഹസങ്കരമാണത്. അതുമായി ബന്ധപ്പെട്ട് മറ്റൊരു കഥയും രാമകൃഷ്ണന്‍ ചേട്ടന്‍ പറഞ്ഞു. ഈ ശിലയില്‍നിന്നും ലോഹം വേര്‍തിരിക്കാനായി അവിടത്തെ ജന്മിയും ധനികനുമായ ഒരാള്‍ ഒരിക്കല്‍ ശ്രമിക്കുകയുണ്ടായത്രെ. ഖനനം നടത്തിയതിന്റെ സാമ്പത്തികത്തകര്‍ച്ച മൂലം ഒടുവില്‍ അയാള്‍ ആത്മഹത്യ ചെയ്തു എന്നാണ് കഥ.നീണ്ട കുന്നുകയറ്റത്തിനൊടുവിലാണ് കുടജാദ്രിയിലെ ക്ഷേത്രത്തിലെത്തിയത്. രണ്ടുക്ഷേത്രങ്ങളാണുള്ളത് ഒന്നു ശാക്തേയവിശ്വാസപ്രകാരമുള്ളതും മറ്റേത് സാത്വികവും. രണ്ടും അടുത്തടുത്തുതന്നെ.
ഈ ക്ഷേത്രങ്ങളെക്കുറിച്ചുള്ള ഐതിഹ്യം പറഞ്ഞുകേട്ടു. അതുപറയുന്നതിനു മുമ്പ് മറ്റൊരു കാര്യം കൂടി പറയേണ്ടതുണ്ട്. ഇവിടെനിന്നും ഒന്നര മണിക്കൂറോളം വീണ്ടും മുകളിലേക്കു കയറുമ്പോഴാണ് കുടജാദ്രിയുടെ നെറുകയിലെത്തുക.
ഇവിടെ കല്ലുകൊണ്ടുനിര്‍മിച്ച ചെറിയ ഒരു മണ്ഡപവും ശങ്കരാചാര്യരുടെ ഒരു പ്രതിമയും ഉണ്ട്. ആ സ്ഥലത്തിന് സര്‍വജ്ഞപീഠം എന്നു പറയും. ഇവിടെവച്ചാണത്തെ ശങ്കരാചാര്യര്‍ക്ക് ദേവീദര്‍ശനം ലഭിച്ചത് .

അതുവരെയുള്ള നിബിഢവനങ്ങള്‍ ഇവിടെ വച്ച് മൊട്ടക്കുന്നുകള്‍ക്ക് വഴിമാറുന്നു. ചക്രവാളത്തിനടുത്തുനിന്ന് ശരാവതി നദി ശാന്തമായൊഴുകുന്നതുകാണാം. ബാംഗ്ലൂര്‍വിമാനത്താവളത്തില്‍ നിന്ന് ഒരു ജെറ്റ് വിമാനം ഉയര്‍ന്നുപോകുന്നതിന്റെ നീണ്ട പുകപടലം ആകാശത്തൊരു രേഖ വരയ്ക്കുന്നു.
ഇനി ഐതിഹ്യത്തിലേക്കു കടക്കാം. ശങ്കരാചാര്യര്‍ക്കു ദേവീ ദര്‍ശനം ഉണ്ടായി എന്നു പറഞ്ഞല്ലോ. പിന്‍തിരിഞ്ഞു നോക്കാതെ കുന്നിറങ്ങി നടന്നുപോയ്ക്കൊള്ളാനും താന്‍ പിന്നാലെ വന്നുകൊള്ളാമെന്നും മൂകാംബിക ശങ്കരാചാര്യരോടു നിര്‍ദ്ദേശിച്ചു. അതിന്‍പ്രകാരം തിരിഞ്ഞുനോക്കാതെ അദ്ദേഹം മലയിറങ്ങിത്തുടങ്ങി. പിന്നില്‍ കാല്‍ച്ചിലമ്പുകളുടെ ശബ്ദം കേള്‍ക്കാം. താഴെക്കണ്ട ക്ഷേത്രം ഇരിക്കുന്ന സ്ഥലത്തെത്തിയപ്പോള്‍ ആകാംക്ഷ സഹിക്കാനാകാതെ ശങ്കരന്‍ തിരിഞ്ഞുനോക്കി എന്നും അതോടുകൂടി മൂകാംബിക അവിടെവച്ചു യാത്ര അവസാനിപ്പിച്ചു എന്നുമാണ് വിശ്വാസം. ശങ്കരനാണ് ഈ ക്ഷേത്രങ്ങളിലെ പ്രതിഷ്ഠ നടത്തിയതെന്നും വിശ്വാസികള്‍ കരുതുന്നു.

സര്‍വജ്ഞപീഠത്തിന്റെ മറുവശത്തു നിന്നും 250 മീറ്റര്‍ താഴേയ്ക്കിറങ്ങിയാല്‍ ചിത്രമൂല എന്ന സ്ഥലത്തെത്തും. ഇവിടെനിന്നാണ് സൌപര്‍ണിക ഉദ്ഭവിക്കുന്നത്. ചിത്രമൂലയില്‍ ഒരു ചെറിയ ഗുഹയുണ്ട്. വഴുക്കലുള്ള ചെരിഞ്ഞ പാറയുടെ അല്പം മുകളിലായാണ് ഈ ഗുഹ. ചെറിയ മരഏണിയുടെ സഹായത്തോടുകൂടി മാത്രമേ അവിടെ കയറാന്‍ കഴിയൂ. അല്പം പ്രയാസപ്പെട്ട് അവിടെ കയറിനോക്കിയപ്പോഴുണ്ട് ഒരു 'സ്വാമി' (?) അവിടെയിരിക്കുന്നു. അല്പം ഭസ്മവും മലരും പുഷ്പങ്ങളും മുമ്പില്‍ നിരത്തി വച്ചിട്ടുണ്ട്. ഒരു ഫോട്ടോ എടുക്കാന്‍ ശ്രമിച്ചപ്പോള്‍ അദ്ദേഹം രൂക്ഷമായി വിലക്കി.

"നില്‍ക്കൂ......"

പെട്ടെന്ന് പത്മാസനത്തിലിരുന്ന് കൈകള്‍ മുട്ടിന്മേല്‍ വച്ച് കണ്ണുകള്‍ അര്‍ദ്ധ നിമീലിതങ്ങളാക്കി പറഞ്ഞു.

"ആ.. ഇനിയെടുത്തോളൂ...."


ചിത്രമൂലയില്‍ നിന്ന് തിരിച്ചുകയറ്റം കുടജാദ്രികയറ്റത്തെക്കാള്‍ ബുദ്ധിമുട്ടേറിയതാണ്. അതിസാഹസികര്‍ക്കുമാത്രം പറ്റിയ വഴിയാണത്. വെള്ളവും ഈര്‍പ്പവും കൂടിയ സ്ഥലമായതുകൊണ്ട് ചിത്രമൂലയിലും പരിസരത്തും ഉഗ്രവിഷമുള്ള പാമ്പുകള്‍ ധാരാളമായി കാണപ്പെടുന്നു.

രാമരാവണയുദ്ധം നടന്ന സമയത്ത് മോഹാലസ്യപ്പെട്ടു കിടന്ന ലക്ഷ്മണനെ ചികിത്സിക്കുന്നതിനുവേണ്ടി മരുന്നുതേടിപ്പോയ ഹനുമാന് ഔഷധച്ചെടി തിരിച്ചറിയാന്‍ കഴിയാതെ പോകുകയും ഔഷധച്ചെടിവളരുന്ന പര്‍വതം തന്നെ അടര്‍ത്തിയെടുത്തു ആകാശമാര്‍ഗ്ഗേണ ലങ്കയിലേക്കു വരികയും അപ്പോള്‍ അതില്‍നിന്ന് അടര്‍ന്നു താഴെപതിച്ച ഒരു ഖണ്ഡം കുടജാദ്രിയായിമാറി എന്നും ഒരു വിശ്വാസമുണ്ട്. ഇവിടെയുള്ള ജൈവ വൈവിധ്യങ്ങളും മരങ്ങളുടെയും ചെടികളുടെയും വൈവിധ്യവും കണ്ടാല്‍ ഐതിഹ്യത്തിന്റെ യുക്തിയെ നിരാകരിക്കാന്‍ തോന്നുകയില്ല.

അന്നത്തെ സായാഹ്നത്തില്‍ കുന്നിറങ്ങുമ്പോള്‍ നിശ്ചയമായും ഇവിടെ വീണ്ടും വരും എന്നു ഞങ്ങള്‍ തീര്‍ച്ചപ്പെടുത്തിയിരുന്നു.

രണ്ടുവര്‍ഷത്തിനകം വീണ്ടും കുടജാദ്രിയിലേക്ക്. ഇത്തവണ ആറുപേര്‍. പൊതുവാള്‍ എന്നറിയപ്പെടുന്ന ഹരീഷ്, കൊടുങ്ങല്ലൂര്‍ സ്വദേശി ആദര്‍ശ്, കിളി എന്ന പേരിലറിയപ്പെടുന്ന കിളിമാനൂര്‍ക്കാരന്‍ വിനോദ്, കോട്ടയം മറ്റക്കരക്കാരന്‍ അജി, പിന്നെ ഞങ്ങളും.
പറവൂരുള്ള ഒരു കോഴിക്കച്ചവടക്കാരന്‍ ഫൈസലിന്റെ പഴഞ്ചന്‍ ടെമ്പോട്രാക്സാണ് ഇത്തവണ പേടകം. നാലു ടയറും നല്ല മൊട്ട. ഈ വണ്ടിയുമായി ബന്ധപ്പെട്ട് ഈ യാത്രയില്‍ കുറേ സംഭവങ്ങളുണ്ട്. അത് പിന്നെ പറയാം. പറവൂരുനിന്നു യാത്രയാരംഭിക്കുമ്പോള്‍ സമയം രാത്രി പത്തുമണി. കോഴിക്കോടിനപ്പുറത്തേക്ക് പോയിട്ടില്ലാത്ത ഡ്രൈവര്‍. മംഗലാപുരം വരെ ഒരു കണക്കിനെത്തി എന്നു പറഞ്ഞാല്‍ മതി. അതുകഴിഞ്ഞങ്ങോട്ട് ജീവന്‍ കയ്യില്‍പിടിച്ചുള്ള യാത്രയായിരുന്നു.

ജഡ്കലിലെ ഗോവിന്ദതീര്‍ത്ഥത്തിലെ കുളിയും രാമകൃഷ്ണന്‍ചേട്ടന്റെ വീട്ടില്‍നിന്നു ഭക്ഷണവും, അതുകഴിഞ്ഞ് കൂടെയുള്ള ഭക്തന്മാര്‍ക്ക് കൊല്ലൂര്‍ക്ഷേത്രത്തിലെ ദര്‍ശനവും കഴിഞ്ഞ് രണ്ടുമണിയോടുകൂടിയാണ് നാകോടിയെത്തിയത്. ഇത്തവണ രാമകൃഷ്ണന്‍ ചേട്ടന്‍ കൂടെയില്ല. ഒരുതവണ പോയുള്ള പരിചയം വച്ച് ഞങ്ങളാണ് മാര്‍ഗ്ഗദര്‍ശികള്‍ . എന്തോ ഒരു ഭാഗ്യം കൊണ്ട് നട്ടുച്ചക്ക് കൊല്ലൂരുനിന്നും അന്‍പതുരൂപാ വിലയുള്ള ഒരു പെന്‍ടോര്‍ച്ച് വാങ്ങിയിരുന്നു. നാകോടിയില്‍നിന്ന് കുടജാദ്രിയുടെ ചുവട്ടില്‍ വരെ വാഹനമെത്തിക്കാന്‍ ഒരു വിഫലശ്രമം നടത്തിനോക്കി. മെയിന്‍ റോഡില്‍നിന്നും മുന്നൂറു മീറ്ററിനപ്പുറം പോകാന്‍ വാഹനം വിസമ്മതിച്ചു. പിന്നെയങ്ങോട്ടു നടപ്പുതന്നെ. അട്ടയാണെങ്കില്‍ മുട്ടറ്റം....! അതുകൊണ്ട് കുറുക്കുവഴി ഒഴിവാക്കി റോഡിലൂടെത്തന്നെ നടന്നു. കുന്നിന്‍ചുവട്ടിലെ നമ്മുടെ പഴയ കട അങ്ങനെതന്നെയുണ്ട്. അന്നത്തെ അതേ പുട്ടും കടലയും. നടത്തിപ്പുകാരന്‍ ഒരു മലയാളിയാണ്.

സമയം ഏഴുമണി. വെയിലിന്റെ അവസാനത്തെ ചുവപ്പും വീണുകഴിഞ്ഞു. ഞങ്ങള്‍ കുടജാദ്രിക്കുന്നു കയറാന്‍ പോവുകയാണ് എന്നുകേട്ടപ്പോള്‍ കടക്കാരന്റെ കണ്ണുകളില്‍ അത്ഭുതം. ഈ രാത്രിയിലോ എന്ന്. രാത്രിയിലാരും കുന്നുകയറാറില്ല എന്ന് അയാള്‍ പറഞ്ഞു. പക്ഷേ ഞങ്ങള്‍ക്ക് തിരിച്ചുപോകാനാവില്ല. വണ്ടിക്കാരനെ കൊല്ലൂരേക്കു പറഞ്ഞുവിട്ടുകഴിഞ്ഞു. എങ്ങനെയെങ്കിലും നാകോടിയിലെത്തിയാല്‍ത്തന്നെയും രാത്രി ബസ് കിട്ടുകയില്ല. ചോരത്തിളപ്പിനെ മാത്രം കൂട്ടുപിടിച്ച് അഞ്ചാറുവടികളും സംഘടിപ്പിച്ച് വലിഞ്ഞുനടന്നു.
പഴയ വഴി ഓര്‍മയുള്ള ഒരാള്‍ മാത്രം. കയ്യില്‍ ആകെയുള്ള വെളിച്ചം ഒരു പെന്‍ടോര്‍ച്ചും ഒരു പഴയ നോക്കിയ ഫോണിന്റെ ടോര്‍ച്ചും. കാലില്‍കയറുന്ന അട്ടകളെ കണ്ടുപിടിക്കലാണ് ടോര്‍ച്ചിന്റെ പ്രധാന പണി. ഇടക്കിടക്ക് വഴിയിലേക്കൊന്നു മിന്നിക്കും. കുന്നിന്റെ നെറുകയിലെ ക്ഷേത്രത്തില്‍നിന്നുള്ള വിളക്കുമാത്രമാണ് ലക്ഷ്യം. കണ്ണില്‍കുത്തിയാല്‍ കാണാത്ത ഇരുട്ട്. കുന്നിന്റെ മൂന്നിലൊന്നു കയറിക്കഴിഞ്ഞപ്പോള്‍ ക്ഷേത്രത്തിലെ വിളക്കു കെട്ടു. കുന്നിന്‍മുകളില്‍ ജനറേറ്റര്‍വച്ചാണ് വൈദ്യുതിയുണ്ടാക്കുന്നത്. വൈകിട്ട് ഒരു സമയമാകുമ്പോള്‍ അത് ഓഫ് ചെയ്യും എന്ന് പിന്നീടറിഞ്ഞു. പിന്നെയങ്ങോട്ട് ഊഹം വച്ചാണ് യാത്ര. ഇടയിലെവിടെയോ വഴി അവസാനിച്ചു. തലങ്ങും വിലങ്ങും മരങ്ങള്‍ വീണുകിടക്കുന്നു. അവയ്ക്കടിയിലൂടെ നുഴഞ്ഞുകയറിനോക്കി. അട്ടകളുടെ പ്രളയം, അഴുകിയ ഇലകള്‍, മനുഷ്യസ്പര്‍ശമേല്‍ക്കാത്ത വനം. എന്തുചെയ്യണമെന്നറിയാതെ എല്ലാവരും ഇരുട്ടില്‍ മുഖത്തോടുമുഖം നോക്കി നില്‍പായി. എന്തും സംഭവിക്കട്ടെ എന്നു മനസില്‍ കരുതി താഴേക്കിറങ്ങി. അരക്കിലോമീറ്റര്‍ താഴേക്കിറങ്ങിയപ്പോള്‍ ശരിയായ വഴിയിലെത്തി. കുന്നില്‍നിന്ന് വെള്ളമൊഴുകിയ ഒരു ചാലിനെയാണ് വഴിയായി തെറ്റിദ്ധരിച്ച് ഞങ്ങള്‍ കയറിപ്പോയത്.

രാത്രി പത്തു മുപ്പതിന് ക്ഷേത്രത്തിലെത്തിയപ്പോള്‍ പൂജാരിയും മറ്റും വീട്ടില്‍ പോയിക്കഴിഞ്ഞു. അടുത്തുവെളിച്ചം കണ്ട വാതിലില്‍ മുട്ടിനോക്കി. വാതില്‍ തുറന്ന സ്ത്രീയുടെ കണ്ണില്‍ വിസ്മയം. പാതി കന്നടത്തിലും പാതിമലയാളത്തിലും അവര്‍ ചോദിച്ചു. "വാഹനങ്ങളൊന്നും വരുന്ന ശബ്ദം കേട്ടില്ലല്ലോ നിങ്ങളെങ്ങനെ ഇവിടെയെത്തി...?" കാട്ടിലൂടെ നടന്നാണു വന്നതെന്നു കേട്ടപ്പോള്‍ അവര്‍ക്ക് അത്ഭുതം. അവിടെനിന്ന് അല്പം ഭക്ഷണം കിട്ടി. എന്താണെന്നുപോലും നോക്കാതെ വാരിവലിച്ചു കഴിച്ചു. തൊട്ടുമുകളിലുള്ള സര്‍ക്കാര്‍ ഗസ്റ്റ്ഹൌസില്‍ ഇടിച്ചുകയറി കിടന്നു. വേറെ നിവൃത്തിയില്ലായിരുന്നു. ആരും ഒന്നും ചോദിച്ചില്ല.

പുലര്‍ച്ചെ നാലരക്ക് എണീറ്റ് സര്‍വജ്ഞപീഠത്തിലേക്കു നടന്നു. ഡിസംബറിലെ കൊടും തണുപ്പും അസഹ്യമായ ശീതക്കാറ്റും. അത്തരമൊരു സാഹചര്യം അതിനുമുമ്പു നേരിട്ടിട്ടില്ല. ആറുമണിയായപ്പോള്‍ സര്‍വ്വജ്ഞപീഠമെത്തി. അവിടെനിന്നുകൊണ്ടു കണ്ട ഉദയം അതുല്യവും അസുലഭവുമായ അനുഭവമായിരുന്നു.

അതിനു മുമ്പോ ശേഷമോ ഒരു യാത്രയിലും അനുഭവിക്കാത്ത ത്രില്ലും സന്തോഷവും തോന്നി. കുടജാദ്രിയാത്രകളില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്ത ഒന്ന് നിശ്ചയമായും ഇതുതന്നെയായിരിക്കും.
പിന്നീട് ഒരു വര്‍ഷത്തിനു ശേഷമാണ് ആത്മനും ഞങ്ങളും ഉള്‍പ്പെടുന്ന പന്ത്രണ്ടംഗ സംഘം വീണ്ടും കുടജാദ്രികയറിയത്. ഇനിയും കുടജാദ്രി പോകണമെന്നുണ്ട്. കാരണം ഓരോ കുടജാദ്രിയാത്രയും ഓരോ പുതിയ അനുഭവമാണ്.

'ഏറെപ്പഴഞ്ചനെന്നാലും പുതുതായ്ത്തീര്‍ന്നു പാരിടം' എന്ന സൌന്ദര്യപൂജയിലെ വരികള്‍ അന്വര്‍ത്ഥമാകുന്നതിവിടെയാണ്.