നീണ്ട കുന്നുകയറ്റത്തിനൊടുവിലാണ് കുടജാദ്രിയിലെ ക്ഷേത്രത്തിലെത്തിയത്. രണ്ടുക്ഷേത്രങ്ങളാണുള്ളത് ഒന്നു ശാക്തേയവിശ്വാസപ്രകാരമുള്ളതും മറ്റേത് സാത്വികവും. രണ്ടും അടുത്തടുത്തുതന്നെ.


ഈ ക്ഷേത്രങ്ങളെക്കുറിച്ചുള്ള ഐതിഹ്യം പറഞ്ഞുകേട്ടു. അതുപറയുന്നതിനു മുമ്പ് മറ്റൊരു കാര്യം കൂടി പറയേണ്ടതുണ്ട്. ഇവിടെനിന്നും ഒന്നര മണിക്കൂറോളം വീണ്ടും മുകളിലേക്കു കയറുമ്പോഴാണ് കുടജാദ്രിയുടെ നെറുകയിലെത്തുക.

ഇവിടെ കല്ലുകൊണ്ടുനിര്‍മിച്ച ചെറിയ ഒരു മണ്ഡപവും ശങ്കരാചാര്യരുടെ ഒരു പ്രതിമയും ഉണ്ട്. ആ സ്ഥലത്തിന് സര്‍വജ്ഞപീഠം എന്നു പറയും. ഇവിടെവച്ചാണത്തെ ശങ്കരാചാര്യര്‍ക്ക് ദേവീദര്‍ശനം ലഭിച്ചത് .

അതുവരെയുള്ള നിബിഢവനങ്ങള്‍ ഇവിടെ വച്ച് മൊട്ടക്കുന്നുകള്‍ക്ക് വഴിമാറുന്നു. ചക്രവാളത്തിനടുത്തുനിന്ന് ശരാവതി നദി ശാന്തമായൊഴുകുന്നതുകാണാം. ബാംഗ്ലൂര്വിമാനത്താവളത്തില് നിന്ന് ഒരു ജെറ്റ് വിമാനം ഉയര്ന്നുപോകുന്നതിന്റെ നീണ്ട പുകപടലം ആകാശത്തൊരു രേഖ വരയ്ക്കുന്നു.

ഇനി ഐതിഹ്യത്തിലേക്കു കടക്കാം. ശങ്കരാചാര്യര്‍ക്കു ദേവീ ദര്‍ശനം ഉണ്ടായി എന്നു പറഞ്ഞല്ലോ. പിന്തിരിഞ്ഞു നോക്കാതെ കുന്നിറങ്ങി നടന്നുപോയ്ക്കൊള്ളാനും താന്‍ പിന്നാലെ വന്നുകൊള്ളാമെന്നും മൂകാംബിക ശങ്കരാചാര്യരോടു നിര്‍ദ്ദേശിച്ചു. അതിന്‍പ്രകാരം തിരിഞ്ഞുനോക്കാതെ അദ്ദേഹം മലയിറങ്ങിത്തുടങ്ങി. പിന്നില്‍ കാല്‍ച്ചിലമ്പുകളുടെ ശബ്ദം കേള്‍ക്കാം. താഴെക്കണ്ട ക്ഷേത്രം ഇരിക്കുന്ന സ്ഥലത്തെത്തിയപ്പോള്‍ ആകാംക്ഷ സഹിക്കാനാകാതെ ശങ്കരന് തിരിഞ്ഞുനോക്കി എന്നും അതോടുകൂടി മൂകാംബിക അവിടെവച്ചു യാത്ര അവസാനിപ്പിച്ചു എന്നുമാണ് വിശ്വാസം. ശങ്കരനാണ് ഈ ക്ഷേത്രങ്ങളിലെ പ്രതിഷ്ഠ നടത്തിയതെന്നും വിശ്വാസികള്‍ കരുതുന്നു.
സര്‍വജ്ഞപീഠത്തിന്റെ മറുവശത്തു നിന്നും 250 മീറ്റര്‍ താഴേയ്ക്കിറങ്ങിയാല്‍ ചിത്രമൂല എന്ന സ്ഥലത്തെത്തും. ഇവിടെനിന്നാണ് സൌപര്‍ണിക ഉദ്ഭവിക്കുന്നത്. ചിത്രമൂലയില്‍ ഒരു ചെറിയ ഗുഹയുണ്ട്. വഴുക്കലുള്ള ചെരിഞ്ഞ പാറയുടെ അല്പം മുകളിലായാണ് ഈ ഗുഹ. ചെറിയ മരഏണിയുടെ സഹായത്തോടുകൂടി മാത്രമേ അവിടെ കയറാന്‍ കഴിയൂ. അല്പം പ്രയാസപ്പെട്ട് അവിടെ കയറിനോക്കിയപ്പോഴുണ്ട് ഒരു 'സ്വാമി' (?) അവിടെയിരിക്കുന്നു. അല്പം ഭസ്മവും മലരും പുഷ്പങ്ങളും മുമ്പില്‍ നിരത്തി വച്ചിട്ടുണ്ട്. ഒരു ഫോട്ടോ എടുക്കാന്‍ ശ്രമിച്ചപ്പോള്‍ അദ്ദേഹം രൂക്ഷമായി വിലക്കി.
"നില്ക്കൂ......"
പെട്ടെന്ന് പത്മാസനത്തിലിരുന്ന് കൈകള്‍ മുട്ടിന്മേല് വച്ച് കണ്ണുകള്‍ അര്‍ദ്ധ നിമീലിതങ്ങളാക്കി പറഞ്ഞു.
"ആ.. ഇനിയെടുത്തോളൂ...."

ചിത്രമൂലയില്‍ നിന്ന് തിരിച്ചുകയറ്റം കുടജാദ്രികയറ്റത്തെക്കാള് ബുദ്ധിമുട്ടേറിയതാണ്. അതിസാഹസികര്ക്കുമാത്രം പറ്റിയ വഴിയാണത്. വെള്ളവും ഈര്‍പ്പവും കൂടിയ സ്ഥലമായതുകൊണ്ട് ചിത്രമൂലയിലും പരിസരത്തും ഉഗ്രവിഷമുള്ള പാമ്പുകള്‍ ധാരാളമായി കാണപ്പെടുന്നു.
രാമരാവണയുദ്ധം നടന്ന സമയത്ത് മോഹാലസ്യപ്പെട്ടു കിടന്ന ലക്ഷ്മണനെ ചികിത്സിക്കുന്നതിനുവേണ്ടി മരുന്നുതേടിപ്പോയ ഹനുമാന് ഔഷധച്ചെടി തിരിച്ചറിയാന്‍ കഴിയാതെ പോകുകയും ഔഷധച്ചെടിവളരുന്ന പര്‍വതം തന്നെ അടര്‍ത്തിയെടുത്തു ആകാശമാര്‍ഗ്ഗേണ ലങ്കയിലേക്കു വരികയും അപ്പോള്‍ അതില്‍നിന്ന് അടര്‍ന്നു താഴെപതിച്ച ഒരു ഖണ്ഡം കുടജാദ്രിയായിമാറി എന്നും ഒരു വിശ്വാസമുണ്ട്. ഇവിടെയുള്ള ജൈവ വൈവിധ്യങ്ങളും മരങ്ങളുടെയും ചെടികളുടെയും വൈവിധ്യവും കണ്ടാല്‍ ഐതിഹ്യത്തിന്റെ യുക്തിയെ നിരാകരിക്കാന്‍ തോന്നുകയില്ല.
അന്നത്തെ സായാഹ്നത്തില്‍ കുന്നിറങ്ങുമ്പോള്‍ നിശ്ചയമായും ഇവിടെ വീണ്ടും വരും എന്നു ഞങ്ങള്‍ തീര്‍ച്ചപ്പെടുത്തിയിരുന്നു.
രണ്ടുവര്‍ഷത്തിനകം വീണ്ടും കുടജാദ്രിയിലേക്ക്. ഇത്തവണ ആറുപേര്‍. പൊതുവാള് എന്നറിയപ്പെടുന്ന ഹരീഷ്, കൊടുങ്ങല്ലൂര്‍ സ്വദേശി ആദര്‍ശ്, കിളി എന്ന പേരിലറിയപ്പെടുന്ന കിളിമാനൂര്‍ക്കാരന്‍ വിനോദ്, കോട്ടയം മറ്റക്കരക്കാരന് അജി, പിന്നെ ഞങ്ങളും.

പറവൂരുള്ള ഒരു കോഴിക്കച്ചവടക്കാരന് ഫൈസലിന്റെ പഴഞ്ചന്‍ ടെമ്പോട്രാക്സാണ് ഇത്തവണ പേടകം. നാലു ടയറും നല്ല മൊട്ട. ഈ വണ്ടിയുമായി ബന്ധപ്പെട്ട് ഈ യാത്രയില്‍ കുറേ സംഭവങ്ങളുണ്ട്. അത് പിന്നെ പറയാം. പറവൂരുനിന്നു യാത്രയാരംഭിക്കുമ്പോള്‍ സമയം രാത്രി പത്തുമണി. കോഴിക്കോടിനപ്പുറത്തേക്ക് പോയിട്ടില്ലാത്ത ഡ്രൈവര്‍. മംഗലാപുരം വരെ ഒരു കണക്കിനെത്തി എന്നു പറഞ്ഞാല്‍ മതി. അതുകഴിഞ്ഞങ്ങോട്ട് ജീവന് കയ്യില്‍പിടിച്ചുള്ള യാത്രയായിരുന്നു.
ജഡ്കലിലെ ഗോവിന്ദതീര്ത്ഥത്തിലെ കുളിയും രാമകൃഷ്ണന്‍ചേട്ടന്റെ വീട്ടില്‍നിന്നു ഭക്ഷണവും, അതുകഴിഞ്ഞ് കൂടെയുള്ള ഭക്തന്മാര്ക്ക് കൊല്ലൂര്ക്ഷേത്രത്തിലെ ദര്‍ശനവും കഴിഞ്ഞ് രണ്ടുമണിയോടുകൂടിയാണ് നാകോടിയെത്തിയത്. ഇത്തവണ രാമകൃഷ്ണന് ചേട്ടന് കൂടെയില്ല. ഒരുതവണ പോയുള്ള പരിചയം വച്ച് ഞങ്ങളാണ് മാര്ഗ്ഗദര്ശികള് . എന്തോ ഒരു ഭാഗ്യം കൊണ്ട് നട്ടുച്ചക്ക് കൊല്ലൂരുനിന്നും അന്‍പതുരൂപാ വിലയുള്ള ഒരു പെന്‍ടോര്‍ച്ച് വാങ്ങിയിരുന്നു. നാകോടിയില്നിന്ന് കുടജാദ്രിയുടെ ചുവട്ടില്‍ വരെ വാഹനമെത്തിക്കാന്‍ ഒരു വിഫലശ്രമം നടത്തിനോക്കി. മെയിന്‍ റോഡില്‍നിന്നും മുന്നൂറു മീറ്ററിനപ്പുറം പോകാന്‍ വാഹനം വിസമ്മതിച്ചു. പിന്നെയങ്ങോട്ടു നടപ്പുതന്നെ. അട്ടയാണെങ്കില് മുട്ടറ്റം....! അതുകൊണ്ട് കുറുക്കുവഴി ഒഴിവാക്കി റോഡിലൂടെത്തന്നെ നടന്നു. കുന്നിന്‍ചുവട്ടിലെ നമ്മുടെ പഴയ കട അങ്ങനെതന്നെയുണ്ട്. അന്നത്തെ അതേ പുട്ടും കടലയും. നടത്തിപ്പുകാരന് ഒരു മലയാളിയാണ്.
സമയം ഏഴുമണി. വെയിലിന്റെ അവസാനത്തെ ചുവപ്പും വീണുകഴിഞ്ഞു. ഞങ്ങള്‍ കുടജാദ്രിക്കുന്നു കയറാന്‍ പോവുകയാണ് എന്നുകേട്ടപ്പോള്‍ കടക്കാരന്റെ കണ്ണുകളില്‍ അത്ഭുതം. ഈ രാത്രിയിലോ എന്ന്. രാത്രിയിലാരും കുന്നുകയറാറില്ല എന്ന് അയാള്‍ പറഞ്ഞു. പക്ഷേ ഞങ്ങള്‍ക്ക് തിരിച്ചുപോകാനാവില്ല. വണ്ടിക്കാരനെ കൊല്ലൂരേക്കു പറഞ്ഞുവിട്ടുകഴിഞ്ഞു. എങ്ങനെയെങ്കിലും നാകോടിയിലെത്തിയാല്ത്തന്നെയും രാത്രി ബസ് കിട്ടുകയില്ല. ചോരത്തിളപ്പിനെ മാത്രം കൂട്ടുപിടിച്ച് അഞ്ചാറുവടികളും സംഘടിപ്പിച്ച് വലിഞ്ഞുനടന്നു.

പഴയ വഴി ഓര്മയുള്ള ഒരാള്‍ മാത്രം. കയ്യില്‍ ആകെയുള്ള വെളിച്ചം ഒരു പെന്‍ടോര്‍ച്ചും ഒരു പഴയ നോക്കിയ ഫോണിന്റെ ടോര്‍ച്ചും. കാലില്കയറുന്ന അട്ടകളെ കണ്ടുപിടിക്കലാണ് ടോര്‍ച്ചിന്റെ പ്രധാന പണി. ഇടക്കിടക്ക് വഴിയിലേക്കൊന്നു മിന്നിക്കും. കുന്നിന്റെ നെറുകയിലെ ക്ഷേത്രത്തില്‍നിന്നുള്ള വിളക്കുമാത്രമാണ് ലക്ഷ്യം. കണ്ണില്‍കുത്തിയാല്‍ കാണാത്ത ഇരുട്ട്. കുന്നിന്റെ മൂന്നിലൊന്നു കയറിക്കഴിഞ്ഞപ്പോള്‍ ക്ഷേത്രത്തിലെ വിളക്കു കെട്ടു. കുന്നിന്മുകളില് ജനറേറ്റര്വച്ചാണ് വൈദ്യുതിയുണ്ടാക്കുന്നത്. വൈകിട്ട് ഒരു സമയമാകുമ്പോള്‍ അത് ഓഫ് ചെയ്യും എന്ന് പിന്നീടറിഞ്ഞു. പിന്നെയങ്ങോട്ട് ഊഹം വച്ചാണ് യാത്ര. ഇടയിലെവിടെയോ വഴി അവസാനിച്ചു. തലങ്ങും വിലങ്ങും മരങ്ങള്‍ വീണുകിടക്കുന്നു. അവയ്ക്കടിയിലൂടെ നുഴഞ്ഞുകയറിനോക്കി. അട്ടകളുടെ പ്രളയം, അഴുകിയ ഇലകള്‍, മനുഷ്യസ്പര്ശമേല്ക്കാത്ത വനം. എന്തുചെയ്യണമെന്നറിയാതെ എല്ലാവരും ഇരുട്ടില്‍ മുഖത്തോടുമുഖം നോക്കി നില്പായി. എന്തും സംഭവിക്കട്ടെ എന്നു മനസില്‍ കരുതി താഴേക്കിറങ്ങി. അരക്കിലോമീറ്റര്‍ താഴേക്കിറങ്ങിയപ്പോള്‍ ശരിയായ വഴിയിലെത്തി. കുന്നില്‍നിന്ന് വെള്ളമൊഴുകിയ ഒരു ചാലിനെയാണ് വഴിയായി തെറ്റിദ്ധരിച്ച് ഞങ്ങള്‍ കയറിപ്പോയത്.

രാത്രി പത്തു മുപ്പതിന് ക്ഷേത്രത്തിലെത്തിയപ്പോള്‍ പൂജാരിയും മറ്റും വീട്ടില്‍ പോയിക്കഴിഞ്ഞു. അടുത്തുവെളിച്ചം കണ്ട വാതിലില്‍ മുട്ടിനോക്കി. വാതില്‍ തുറന്ന സ്ത്രീയുടെ കണ്ണില്‍ വിസ്മയം. പാതി കന്നടത്തിലും പാതിമലയാളത്തിലും അവര്‍ ചോദിച്ചു. "വാഹനങ്ങളൊന്നും വരുന്ന ശബ്ദം കേട്ടില്ലല്ലോ നിങ്ങളെങ്ങനെ ഇവിടെയെത്തി...?" കാട്ടിലൂടെ നടന്നാണു വന്നതെന്നു കേട്ടപ്പോള്‍ അവര്‍ക്ക് അത്ഭുതം. അവിടെനിന്ന് അല്പം ഭക്ഷണം കിട്ടി. എന്താണെന്നുപോലും നോക്കാതെ വാരിവലിച്ചു കഴിച്ചു. തൊട്ടുമുകളിലുള്ള സര്‍ക്കാര്‍ ഗസ്റ്റ്ഹൌസില്‍ ഇടിച്ചുകയറി കിടന്നു. വേറെ നിവൃത്തിയില്ലായിരുന്നു. ആരും ഒന്നും ചോദിച്ചില്ല.
പുലര്‍ച്ചെ നാലരക്ക് എണീറ്റ് സര്‍വജ്ഞപീഠത്തിലേക്കു നടന്നു. ഡിസംബറിലെ കൊടും തണുപ്പും അസഹ്യമായ ശീതക്കാറ്റും. അത്തരമൊരു സാഹചര്യം അതിനുമുമ്പു നേരിട്ടിട്ടില്ല. ആറുമണിയായപ്പോള്‍ സര്വ്വജ്ഞപീഠമെത്തി. അവിടെനിന്നുകൊണ്ടു കണ്ട ഉദയം അതുല്യവും അസുലഭവുമായ അനുഭവമായിരുന്നു.

അതിനു മുമ്പോ ശേഷമോ ഒരു യാത്രയിലും അനുഭവിക്കാത്ത ത്രില്ലും സന്തോഷവും തോന്നി. കുടജാദ്രിയാത്രകളില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്ത ഒന്ന് നിശ്ചയമായും ഇതുതന്നെയായിരിക്കും.

പിന്നീട് ഒരു വര്‍ഷത്തിനു ശേഷമാണ് ആത്മനും ഞങ്ങളും ഉള്‍പ്പെടുന്ന പന്ത്രണ്ടംഗ സംഘം വീണ്ടും കുടജാദ്രികയറിയത്. ഇനിയും കുടജാദ്രി പോകണമെന്നുണ്ട്. കാരണം ഓരോ കുടജാദ്രിയാത്രയും ഓരോ പുതിയ അനുഭവമാണ്.
'ഏറെപ്പഴഞ്ചനെന്നാലും പുതുതായ്ത്തീര്‍ന്നു പാരിടം' എന്ന സൌന്ദര്യപൂജയിലെ വരികള്‍ അന്വര്‍ത്ഥമാകുന്നതിവിടെയാണ്.